ബെയ്ജിംഗ്: ഏതെങ്കിലും ഒരു രാജ്യത്തിന് വിടവാങ്ങല്‍ സമ്മാനമായി നല്‍കാനുളളതല്ല എന്‍എസ്ജി അംഗത്വമെന്ന് ചൈന. എന്‍എസ്ജി അംഗത്വത്തിനായുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ചൈനയാണെന്ന് ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുളള യുഎസ് വിദേശകാര്യമന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കവേയാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് ഹൂ ചൂന്യിങ് നിലപാട് വ്യക്തമാക്കിയത്.
ഒബാമ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിടവാങ്ങല്‍ സമ്മാനമെന്ന പ്രയോഗം ഹൂ ചുന്‍യിങ് നടത്തിയത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളുടെ എന്‍എസ്ജി പ്രവേശനത്തില്‍ ചൈന നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുളളതാണെന്നും അത് ആവര്‍ത്തിക്കാനില്ലെന്നും ഹൂ ചൂന്യിങ് പറഞ്ഞു.
എന്‍എസ്ജി അംഗത്വത്തിനായി ഇന്ത്യ വീണ്ടും സമീപിച്ചാല്‍ എന്തായിരിക്കും നിലപാടെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ വിപുലമായ ചര്‍ച്ചയ്ക്കും കൂടിയാലോചനയ്ക്കും വേണ്ടിയാണ് ചൈന നിലവിലെ സമീപനം സ്വീകരിച്ചതെന്നായിരുന്നു ഹൂ ചുന്യിങ്ങിന്റെ പ്രതികരണം.
48 അംഗ എന്‍എസ്ജിയില്‍ മറ്റ് രാജ്യങ്ങള്‍ പിന്തുണച്ചിട്ടും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ ചൈന എതിര്‍ക്കുകയായിരുന്നു. കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജി അംഗത്വം നല്കുന്ന കാര്യത്തില്‍ ആദ്യം പൊതുധാരണ ഉണ്ടാക്കണമെന്നാണ് ചൈന മുന്നോട്ടുവെയ്ക്കുന്ന ന്യായം.