ഷാര്‍ജ: വിവിധ ലോകരാജ്യങ്ങളിലെ കൊച്ചു കലാപ്രതിഭകളെ ഒരു കുടക്കീഴില് അണിനിരത്തുന്ന ഷാര്‍ജ കുട്ടികളുടെ ബിനാലെയ്ക്ക് തുടക്കമായി. റോള കോര്‍ണിഷിലെ ആര്‍ട്ട് മ്യൂസിയത്തിലാണ് കുട്ടികലാകരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള 376 കലാസൃഷ്ടികളാണ് ബിനാലെയില്‍ ഇടംപിടിക്കുക.
ലോകം നിങ്ങളുടെ സങ്കല്പത്തോളം വലുത് എന്ന പ്രമേയത്തില്‍ ആണ് കുട്ടികളുടെ ബിനാലെ നടക്കുന്നത്. ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്മാന് ഷെയ്ഖ് സാലിം ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. 1,663 കുട്ടികള്‍ സമര്‍പ്പിച്ച 792 സൃഷ്ടികളില്‍ നിന്നാണ് പ്രദര്‍ശനത്തിനായി 376 എണ്ണം തിരഞ്ഞെടുത്തത്. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 785 കുട്ടികള്‍ തയ്യാറാക്കിയതാണിവ.
687 എണ്ണം വ്യക്തിഗത കലാസൃഷ്ടികളും 105 എണ്ണം കുട്ടികള്‍ കൂട്ടായി ഉണ്ടാക്കിയതുമാണ്. ഇതില്‍ അനാഥാലയത്തിലെയും അഭയാര്‍ഥി ക്യാമ്പുകളിലെയും കുട്ടികളുടെ സൃഷ്ടികളും ഉള്‍പ്പെടും. ശില്പശാലയും പരിശീലനവും സംഘടിപ്പിച്ച് അതില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഇന്ത്യയില്‍ നിന്നുള്ള 41 ചിത്രങ്ങള്‍.
ശില്പങ്ങള്, പെയിന്റിംഗുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ട്. കലാസൃഷ്ടികളുടെ പ്രദര്‍ശനം കൂടാതെ സെമിനാറുകള്‍, മത്സരങ്ങള്‍, സാംസ്കാരിക പരിപാടികള്‍, തുടങ്ങിയവയും ബിനാലെയുടെ ഭാഗമായി നടക്കുന്നുണ്ട്. ബിനാലെ ഫെബ്രുവരി 15വരെ നീണ്ടു നില്ക്കും.