ലണ്ടൻ: മുപ്പതിനായിരം അടി ഉയരത്തിൽ പൊരിഞ്ഞ അടി. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കൽ, ലണ്ടനിലേക്ക് പറന്നു കൊണ്ടിരുന്ന വിമാനത്തിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
ലെബനോണിലെ ബ്യൂററ്റിൽ നിന്നും യാത്രതിരിച്ച മിഡിൽ ഈസ്റ്റ് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. മധ്യവയസ്കനായ ഒരാൾ മറ്റൊരു യാത്രക്കാരനോടും അയാളുടെ ഭാര്യയോടും കലഹിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നു പറയപ്പെടുന്നു. തുടർന്ന് ഇയാൾ യാത്രക്കാരനെ മർദ്ദിക്കുകയായിരുന്നു.
വിമാനജീവനക്കാർ ഓടിയെത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ഇയാൾ ഒരാളെ തളളി നിലത്തിടുകയും മറ്റൊരാളെ മർദ്ദിക്കുകയുമായിരുന്നു. ഈ സമയം മറ്റൊരു യുവാവ് വിമാനജീവനക്കാരെ സഹായിക്കുന്നതിനായി മുന്നോട്ടു വന്നു. തുടർന്ന് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു.
ഏതാനും നിമിഷം സമാധാനിച്ചെങ്കിലും വീണ്ടുമിയാൾ അക്രമാസക്തനായി.തുടർന്ന് യാത്രക്കാരിടപെട്ട് ഇയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, കണ്ണിൽ കണ്ടവരെയെല്ലാം ഇയാൾ അസഭ്യം പറഞ്ഞതായും യാത്രക്കാർ പരാതിപ്പെടുന്നു. ഇതേത്തുടർന്നാണ് വിമാനം അടിയന്തരമായി ഇസ്താംബൂൾ വിമാനത്താവളത്തിൽ ഇറക്കിയത്.