മുംബൈ: ഭാരതത്തിലെ ആകെ ഇന്ധന ഉപഭോഗം 200 മില്ല്യൺ ടണ്ണിലേക്ക്. പെട്രോളിയം മന്ത്രാലയവൃത്തങ്ങളാണ് ഇതു സംബന്ധിച്ച വിവരം നൽകിയത്. കഴിഞ്ഞ 16 വർഷത്തിനുളളിലെ ഏറ്റവും ഉയർന്ന ഉപഭോഗാനുപാതമാണിത്.
രാജ്യത്തെ സാമ്പത്തിക നില ഉയരുന്നതിനനുസരിച്ച് ഇന്ധനത്തിന്റെ ആവശ്യകതയും ഉയരുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികപുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഭാരതത്തിന്റെ സ്ഥാനം ഏറ്റവും മുൻപിലാണ്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തിൽ വർദ്ധിച്ച ജനസംഖ്യാനുപാതവും പ്രധാന ഘടകമാണെന്ന് പെട്രോളിയം മന്ത്രാലയം അഡീഷണൽ സെക്രട്ടറി എ.കെ.സാവ്നി ചൂണ്ടിക്കാട്ടി.
2015-16 സാമ്പത്തികവർഷത്തിൽ 10.9 ശതമാനം കുതിപ്പാണ് ഇന്ധന ഉപഭോഗത്തിൽ ഉണ്ടായത്. 183.5 മില്ല്യൺ ടൺ ആയിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ധന ഉപഭോഗം. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ അമേരിക്കയുടെ ഇന്ധന ഉപഭോഗം 750 മില്ല്യൺ ടണ്ണും, ചൈനയുടേത് 500 മില്ല്യൺ ടണ്ണുമായിരുന്നു.