ബിഷ്കെക്: കിര്‍ഗിസ്ഥാനിലെ ജനവാസ മേഖലയില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 32 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ ബിഷ്കെക്കിന് 25 കിലോമീറ്റര്‍ വടക്ക് മാറിയുളള മനാസ് വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ബോയിംഗ് 747 വിമാനമാണ് തകര്‍ന്നത്.
ഹോങ്കോംഗില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ വിമാനം രാവിലെ 7.30 ഓടെയാണ് ഡച്ചാ സൂ മേഖലയില്‍ തകര്‍ന്ന് വീണത്. മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ കാഴ്ച മങ്ങിയതാണോ അപകടകാരണമന്ന് വ്യക്തമല്ല. പതിനഞ്ചോളം കെട്ടിടങ്ങള്‍ തകര്‍ന്നു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും.
വീടുകളില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടവരില്‍ അധികവും. അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന വീടുകളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. തുര്‍ക്കി കാര്‍ഗോ കമ്പനിയായ എസിറ്റിയുടെ ഉടമസ്ഥതയിലുളളതാണ് വിമാനം.