ന്യൂഡല്‍ഹി: ഡിസിസി അദ്ധ്യക്ഷന്മാരെ നിശ്ചയിച്ചതില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതില്‍ വേണ്ട വിധത്തില്‍ പരിഗണന കിട്ടിയില്ലെന്ന പരാതി ഉള്‍പ്പെടെ അദ്ദേഹം ഉന്നയിക്കും.
വൈകിട്ട് അഞ്ച് മണിക്കാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. ഡിഡിസി പുനസംഘടനയില്‍ നേരിട്ട തിരിച്ചടി മറികടക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശമാകും ഉമ്മന്‍ചാണ്ടി മുന്നോട്ടുവെയ്ക്കുക.
ഡിഡിസി അധ്യക്ഷന്മാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ ഉമ്മന്‍ചാണ്ടി അതൃപ്തനാണെന്ന് അദ്ദേഹത്തിന് ഒപ്പമുളള സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടിയെ ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചത്.
പ്രതിഷേധ സൂചകമായി കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വിട്ടുനിന്ന ഉമ്മന്‍ചാണ്ടി നോട്ട് റദ്ദാക്കലിനെതിരേ പാര്‍ട്ടി ഹൈക്കമാന്‍ഡ് മുന്‍കൈയ്യെടുത്ത് നടത്തിയ അഖിലേന്ത്യാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടേണ്ട സാഹചര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ തന്നെ തമ്മിലടി ഉണ്ടായാല്‍ അത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് സൂചിപ്പിച്ചിട്ടുളളത്. സംസ്ഥാന നേതാക്കള്‍ തമ്മിലുണ്ടായ പരസ്യമായ വാക്പോര് കഴിഞ്ഞ ദിവസങ്ങളില്‍ മാദ്ധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു.