ലണ്ടന്‍: മകരസംക്രമ സന്ധ്യയില്‍ ഭാരതത്തിലെ ഹൈന്ദവസമൂഹം പ്രാര്‍ത്ഥനാ നിര്‍ഭരമായപ്പോള്‍ ബ്രിട്ടനിലെ എസ്സെക്സ് കൗണ്ടിയിലെ അയ്യപ്പ ഭക്തരും ഒപ്പം ചേര്‍ന്നു. എസ്സെക്സ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ ചെംസ്ഫോര്‍ഡിലെ ബോറിഹാം വില്ലേജ് ഹാളില്‍ ഒരുക്കിയ അയ്യപ്പക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളില്‍ സമാജം പ്രസിഡണ്ട് സജിലാല്‍ വാസു സ്വാഗതം ആശംസിച്ചു. ഇസ്കോണ്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ മദന്‍ മോഹന്‍ പ്രഭു പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
ഇന്ന് വൈദ്യുത വിളക്കുകള്‍ താഴേക്ക് പ്രകാശം പരത്തുമ്പോള്‍ സൂര്യാസ്തമയത്തില്‍ അന്ധകാരം മറയ്ക്കാന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുകളിലേക്ക് നിലവിളക്ക് കൊളുത്തി പ്രപഞ്ചത്തിനാകെ പ്രകാശം പരത്തി മാതൃകയായവരാണ് ഭാരതീയരെന്ന് വിളക്ക് പൂജക്ക് തുടക്കം കുറിച്ച് നടത്തിയ ആമുഖ പ്രസംഗത്തില്‍ മദന്‍ മോഹന്‍ പ്രഭു പറഞ്ഞു.
പ്രവാസി സമൂഹത്തിലെ പുതുതലമുറയ്ക്ക് ഭാരതസംസ്കാരത്തിന്റെയും ആചാരങ്ങളുടെയും മഹത്വം ഒരിക്കല്‍ കൂടി പകര്‍ന്നുലഭിച്ച അസുലഭ അവസരം കൂടിയായിരുന്നു ചടങ്ങ്.
തുടര്‍ന്ന് നടന്ന അയ്യപ്പന്റെ മഞ്ഞ നീരാട്ട്, പാലഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം, എസ്സെക്സ് ഹിന്ദു സമാജത്തിന്റെ ഭജന സംഘം നടത്തിയ ഭജന, പടിപൂജ തുടങ്ങിയവ ചടങ്ങില്‍ സന്നിഹിതരായവരെ മനസുകൊണ്ട് ശബരീശ സന്നിധിയിലെത്തിച്ചു. അന്നദാനത്തിനു ശേഷം ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആഘോഷസമിതി അധ്യക്ഷന്‍ അനൂപ് നന്ദി പറഞ്ഞു.