ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയർ നിർത്തലാക്കാൻ കളമൊരുങ്ങി. പദ്ധതി അവസാനിപ്പിക്കുന്നതിനെ അമേരിക്കൻ കോൺഗ്രസും അനുകൂലിച്ചു.
കുറഞ്ഞ ചെലവിൽ എല്ലാവർക്കും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ബരാക് ഒബാമ തുടക്കമിട്ട സ്വപ്ന പദ്ധതിയാണ് അഫോഡബിൾ കെയർ ആക്ട് എന്ന ഒബാമ കെയർ. അമേരിക്കയിലെ 20ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതി തുടക്കത്തിൽ തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു.
ഡൊണാൾഡ് ട്രംപ് നിയുക്ത അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ പദ്ധതിക്ക് മാറ്റം വരുത്തി പകരം പുതിയ പദ്ധതിക്ക് രൂപം നൽകാനുള്ള നീക്കം ആരംഭിച്ചിരുന്നു. യുഎസ് കോൺഗ്രസ്സിന്റെ ഇരുസഭകളിലും മുൻതൂക്കമുള്ള റിപ്പബ്ലിക്കന്‍ പാർട്ടിക്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഒബാമ കെയർ നിർത്തലാക്കുക എന്നത്. പുതിയ പദ്ധതി കൊണ്ടുവരുന്നതിന് സമയം വേണ്ടി വരുമെന്നതിനാൽ അഫോഡബിൾ കെയർ ആക്ട് ഭേദഗതി ചെയ്യുന്നിനായാണ് ഇപ്പോൾ തിരക്കിട്ട ശ്രമം നടക്കുന്നത്.
198 നെതിരെ 227 വോട്ടുകൾക്കാണ് പദ്ധതി നിർത്തലാക്കുന്നതിനെ ജനപ്രതിനിധി സഭ അനുകൂലിച്ചത്. കഴിഞ്ഞദിവസം സെനറ്റ് 48 നെതിരെ 51 വോട്ടുകൾക്കാണ് പാസാക്കിയത്. അതേസമയം, കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഒബാമ കെയർ നിർത്തലാക്കുന്നതിനെതിരേ റിപബ്ലിക്കന്‍ പാർട്ടിയിൽ നിന്നുതന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്.
രാജ്യത്തെ ആരോഗ്യക്ഷേമപദ്ധതിയെ ബാധിക്കുന്ന ആദ്യനീക്കം റിപ്പബ്ലിക്കന്‍ പാർട്ടി നടത്തിക്കഴിഞ്ഞുവെന്നായിരുന്നു നീക്കത്തിനെതിരേ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രതികരണം.