ന്യൂഡൽഹി: വ്യോമഗതാഗത ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കു സംവരണവുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ഡൊമസ്റ്റിക് സർവ്വീസുകളിൽ ഇനിമുതൽ 6 സീറ്റുകളാകും സ്ത്രീകൾക്കായി സംവരണം ചെയ്യുക.
ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ചിലപ്പോൾ വിൻഡോ സൈഡ് സീറ്റോ, മിഡിൽ സീറ്റോ ആകും ലഭിക്കുക. ഇത് അവർക്ക് അസ്വസ്ഥതകളുണ്ടാക്കുന്നതായും, ബാത്ത്റൂമിലേയ്ക്കും മറ്റും ഇടയ്ക്കെഴുന്നേൽക്കേണ്ടതായി വരുമ്പോൾ ഇത് അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രദ്ധയിൽ പെട്ടതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് ഈ പരിഷ്ക്കാരമെന്ന് എയർ ഇന്ത്യാവക്താവ് പറഞ്ഞു.
എയർബസ് എ 320ന്റെ എക്കോണമി ക്ലാസിലെ മൂന്നാം നിരയിലെ സീറ്റുകളാകും സ്ത്രീകൾക്കായി സംവരണം ചെയ്യുക. കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി ഈ സീറ്റ് നൽകില്ല. ജനുവരി 18 മുതൽ സംവരണം പ്രാബല്യത്തിൽ വരുമെന്നും എയർഇന്ത്യാ വക്താവ് പറഞ്ഞു.