ലക് നൗ: അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചുവെന്ന പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവും സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഇരുകൂട്ടരും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് വിവരം.
90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്ന പരിഹാര ഫോര്‍മുലകളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അഖിലേഷിനെ നിലനിര്‍ത്തുമെന്ന് മുലായം ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രശ്നത്തിന് പരിഹാരമായത്. ഇതുള്‍പ്പെടെയുളള ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് മുലായം ചര്‍ച്ചയില്‍ അഖിലേഷിന് ഉറപ്പ് നല്കി. പാര്‍ട്ടി അധ്യക്ഷനായി താന്‍ തുടരുമെന്നും മുലായം പറഞ്ഞു. എന്നാല്‍ വിഷയങ്ങളില്‍ പൂര്‍ണ പരിഹാരമായില്ല. ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങള്‍ പ്രതികരണമാരാഞ്ഞെങ്കിലും അഖിലേഷ് മൗനം തുടരുകയായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റുകളും ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ തര്‍ക്കം തുടരുന്നുവെന്നാണ് ഇരുവരുമായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. നേരത്തെ അഖിലേഷിന്റെ നേതൃത്വത്തിലുളള വിഭാഗം അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി പ്രമേയത്തിലൂടെ തെരഞ്ഞടുത്തിരുന്നു.