ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ മാലിന്യം തളളി പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികള്‍. ത്രിലോക്പുരിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാജു ദിന്ഗാന്റെ വീടിന് മുന്നിലാണ് തൊഴിലാളികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി മാലിന്യം തളളിയത്.
വേതനം മുടങ്ങിയതിനെ തുടര്‍ന്നാണ് ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് കീഴിലുളള ശുചീകരണ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഇന്നലെ സമരം മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ശമ്പളം നല്‍കാനായി 119 കോടി രൂപ നല്‍കിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ വ്യക്തമാക്കിയിരുന്നു.
സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പല സ്ഥലങ്ങളിലും ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മാലിന്യനീക്കം നിലച്ചതോടെ ജനങ്ങള്‍ റോഡുകള്‍ ഉള്‍പ്പെടെയുളള പൊതു ഇടങ്ങളില്‍ മാലിന്യം തളളുകയാണിപ്പോള്. പലയിടത്തും മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.