തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നേരിടുന്നതായി ചെന്നിത്തല പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുളള പോര് പരസ്യമായ വിഴുപ്പലക്കലില്‍ എത്തിയിട്ടുപോലും മുഖ്യമന്ത്രി ഗാലറിയിലിരുന്ന് കണി കാണുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രശ്നം വഷളായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ അവഗണിക്കപ്പെടുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി മൂലം വലയുന്നത് ജനങ്ങളാണ്. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേയും ചെന്നിത്തല ആഞ്ഞടിച്ചു. അഴിമതിക്കാരെ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കാണിക്കുമെന്ന് പറഞ്ഞ ജേക്കബ് തോമസിന്റെ കാര്‍ഡുകള്‍ എവിടെ പോയെന്ന് ചെന്നിത്തല ചോദിച്ചു. ഭരണപക്ഷത്തുളള ആരെയും അദ്ദേഹം കാര്‍ഡുകള്‍ കാണിച്ചിട്ടില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഇ.പി ജയരാജനും മെഴ്സിക്കുട്ടിയമ്മയ്ക്കും എതിരായ കേസുകളില്‍ കോടതി ഇടപെടുമെന്ന ഘട്ടത്തില്‍ മാത്രമാണ് ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.