പ്രായമറിയാത്ത പാട്ടിന്റെ പകിട്ട്

യേശുദാസിന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ. പ്രായമേറുമ്പോഴും പകിട്ട് കുറയാത്ത നാദഗരിമക്ക് മലയാളത്തിന്‍റെ ആദരം. നിളയിൽ നീരാടിയെത്തുന്ന പാട്ടുകൾക്ക് ഇന്നും ചെറുപ്പം.

കുളത്തൂപുഴ രവി എന്ന രവീന്ദ്രൻ മാഷോട് ദാസേട്ടൻ പതിവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇത്രയും ബുദ്ധിമുട്ടുള്ള ഈ പാട്ടുകൾ ഞാൻ മാത്രം പാടിയാൽ മതിയോ, മറ്റു ഗായകർക്ക് ഗാനമേളകളിലും ഇതെല്ലാം പാടണ്ടേ എന്ന്. വേണ്ട, ഇത് നിനക്ക് പാടാൻ ഞാൻ ചിട്ടപ്പെടുത്തിയത് എന്നാണ് മറുപടി.

അതെ, ദാസേട്ടന് മാത്രം പാടാൻ കഴിയുന്നവ, ആ മനുഷ്യൻ ശബ്ദം കൊണ്ട് തൊട്ടാൽ മാത്രം മനോഹരമാകുന്നവ. പാട്ടിന്‍റെ പ്രമദവനം പൂത്തുലയുന്നത് എത്ര കേട്ടിട്ടും മതിവരാതെ മലയാളം.

കവിളിലെ കാണാനിലാവിൽ കസ്തൂരി ചാർത്തിയ സ്വര വിപഞ്ചിക. പ്രണയവും വിരഹവും മാറി മാറി തിരയടിച്ച വികാരനൗക. മലയാളി ഇത്രയറിഞ്ഞിട്ടില്ല മറ്റാരുടെ ശബ്ദത്തിലും ജീവിതത്തിന്‍റെ വിഭിന്നത, സ്വരരാഗ പുഷ്പ മലരികൾ.

ഒറ്റക്കമ്പിയിൽ പെയ്തൊഴിയാത്ത ശോകമൽഹാർ ദാസേട്ടന്‍റെ ഗാനങ്ങളെ അനശ്വരമാക്കി. കുടജാദ്രിയിലെ ശിവകാമേശ്വരിയെ കുമ്പിട്ടു വണങ്ങി ആ നാദസൗഭാഗ്യം. ലോകത്തെവിടെയുണ്ടെങ്കിലും ജനുവരി പത്തിന് പിറന്നാൾ ദിനത്തിൽ കൊല്ലൂരിലെ അമ്മയെ, മൂകാംബികയെ കാണാനെത്തും, മുന്നിൽ പാടാനെത്തും. അന്നേരം, അമ്മയുടെ പ്രിയപ്പെട്ട മകനാകും യേശുദാസ് എന്ന ഇന്ത്യയുടെ പ്രിയ ഗായകൻ.

ദാസേട്ടന് 77 വയസ്സായെന്ന് പറയുമ്പോഴും ശബ്ദത്തിനിപ്പോഴും പതിനേഴിന്‍റെ ചെറുപ്പം. പാടിയൊഴിയാതെ, കൂടെയുണ്ടാകട്ടെ, നല്ല പാട്ടിന്‍റെ ഹരിമുരളീരവം.

ജിഷ്‍ണുവിന്റെ  മൂക്കിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം നടത്തിയ ‍ഡോക്ടർമാർ

Next Story »

അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് മുലായം

HAPPENING NOW

%d bloggers like this: