തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉന്നത ഉദ്യോഗസ്ഥരെ പ്രതികാര മനോഭാവത്തോടെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയില്‍. പ്രതിഷേധ സൂചകമായി അവധിയെടുത്ത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിലപാട് അറിയിച്ചു. ഉദ്യോഗസ്ഥരുടെ കൂട്ട അവധിയില്‍ സര്‍ക്കാരിന്റെ അതൃപ്തി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി വിജയന് പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ വിവിധ വകുപ്പുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരടക്കമാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ ഒരു സമരരൂപം തീരുമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ നീക്കം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വികാരം സ്വാഭാവികമാണെന്നും എന്നാല്‍ വികാരവും നടപടിയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും ജേക്കബ് തോമസിനെ അനുകൂലിക്കുന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുകയാണ്. ജേക്കബ് തോമസിനെതിരേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആകുന്നതിന് മുന്‍പ് ഏതാനും കേസുകളില്‍ അന്വേഷണം നടന്നിരുന്നു. ഇതില്‍ ചില ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് തന്നെ കണ്ടെത്തിയതാണ്. ചില കേസുകളില്‍ കോടതി തന്നെ തീര്‍പ്പാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്ന് പിണറായി പറഞ്ഞു.
അവധിയെടുത്ത ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് നടപടിയുടെ കാര്യം പിന്നീട് ആലോചിക്കേണ്ടതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നാണ് ജേക്കബ് തോമസിനെതിരേ കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.