ന്യൂഡല്‍ഹി: എംബ്രയേര്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ യുഎസില്‍ നിന്ന് സിബിഐ ശേഖരിച്ചു. യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി സമാഹരിച്ച വിവരങ്ങളാണ് സിബിഐ ശേഖരിച്ചത്. ഇടപാടിലെ അഴിമതി ആരോപണം ശരിവെയ്ക്കുന്നതാണ് ലഭിച്ച രേഖകളെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
രേഖകള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇടപാടിലെ ഇടനിലക്കാരനായ വിപിന്‍ ഖന്ന സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്രസീല്‍ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2008 ല്‍ മൂന്ന് വിമാനങ്ങള്‍ വാങ്ങാനുളള കരാറിനായി എംബ്രയേര്‍ 5.70 മില്യന്‍ ഡോളറോളം കൈക്കൂലിയായി നല്‍കിയെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ബ്രസീലിയന്‍ കമ്പനിയായ എംബ്രയേറുമായി കരാര്‍ ഒപ്പുവെച്ചത്. ആധുനീക റഡാറുകള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളോട് കൂടിയ മൂന്ന് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. 20.8 കോടി ഡോളര്‍ മുടക്കി ഇന്ത്യ വാങ്ങിയ അതേ വിമാനങ്ങള്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് 9.4 കോടി ഡോളറിന് സ്വന്തമാക്കിയതാണ് സംശയത്തിന് വഴിവെച്ചത്. തുടര്‍ന്നാണ് എംബ്രയേര്‍ അഴിമതിനിയമം ലംഘിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ എംബ്രയേര്‍ ആഭ്യന്തര തലത്തിലും അന്വേഷണം നടത്തിയിരുന്നു.
സൗദിയിലെയും ഇന്ത്യയിലെയും കരാറുകള്‍ നേടാന്‍ ഇടനിലക്കാര്‍ മുഖേന കമ്പനി കോഴ നല്‍കിയെന്ന ആരോപണം ബ്രസീല്‍ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചത്.