തിരുവനന്തപുരം: കറന്‍സി പിന്‍വലിച്ചതിന് ശേഷം പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനിടെ സംസ്ഥാനത്തെ എസ്ബിടി ശാഖകളില്‍ ലഭിച്ചത് 8.78 ലക്ഷം രൂപയുടെ കളളനോട്ടുകള്‍. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെ ലഭിച്ച പഴയ നോട്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയധികം കളളനോട്ടുകള്‍ കണ്ടെത്തിയത്.
ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ ബാങ്കുകള്‍ പേ സ്ലിപ്പ് വഴിയും മറ്റും ശേഖരിച്ചിട്ടുളളതിനാല്‍ കളളനോട്ടുകള്‍ നല്‍കിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ബിടി അധികൃതര്‍ വ്യക്തമാക്കി. 12,000 കോടി രൂപയുടെ പഴയ നോട്ടുകളാണ് നവംബര്‍ 10 മുതല്‍ഡിസംബര്‍ 28 വരെ എസ്ബിടിയുടെ ശാഖകളില്‍ എത്തിയത്.
നോട്ട് മാറ്റി വാങ്ങാന്‍ ബാങ്കുകളില്‍ അനുഭവപ്പെട്ട തിരക്കിന്റെ മറവിലാണ് പലരും ജീവനക്കാരെ കബളിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ വിവരങ്ങള്‍ ഒരുമിച്ച് ശേഖരിച്ച് പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറും.
500 ന്റെയും 1000 ത്തിന്റെയും പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുമ്പോള്‍ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മിക്ക ഇടപാടുകളിലും ഇത് പാലിക്കപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ നോട്ടുകള്‍ നല്‍കിയവരെ കണ്ടെത്താന്‍ വിഷമം ഉണ്ടാകില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.