ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബിജെപി ദേശീയ നിർവാഹകസമിതി യോഗം ഇന്ന് അവസാനിക്കും. യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞാണ് പ്രധാനമന്ത്രി യോഗത്തിനെത്തുക. സാമ്പത്തിക പരിഷ്കരണത്തെ അനുമോദിച്ചുള്ള പ്രമേയവും യോഗത്തിൽ ഇന്ന് അവതരിപ്പിക്കും.
കേരളത്തിൽ സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. കേരളത്തിലെയും ബംഗാളിലെയും സംഭവങ്ങൾ ഗൗരവമായി കാണണമെന്ന് ദേശീയ നിർവാഹക സമിതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നു.
സാമ്പത്തിക പരിഷ്കരണത്തിനും ബിജെപി ദേശീയ നിർവാഹക സമിതി പിന്തുണ നൽകി.നോട്ട് നിരോധനം പാവപ്പെട്ടവന് വേണ്ടിയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണത്തിന് ചുക്കാൻ പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.