തിരുവനന്തപുരം: ശബരിമല വികസനത്തിന് വനഭൂമി വിട്ടുനല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രി ഉറപ്പ് നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭാവിയില്‍ ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്താനുളള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച പമ്പയില്‍ വിശാല പമ്പാസംഗമം സംഘടിപ്പിക്കും. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച നടക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ ശബരിമല തീര്‍ഥാടന സാക്ഷാത്കാരം എന്ന വിഷയത്തില്‍ ഡോ. എം.ജി ശശി ഭൂഷണ് വിഷയാവതരണം നടത്തും. പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാനുളള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ജനുവരി നാല് വരെയുളള കണക്ക് അനുസരിച്ച് ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ അന്‍പത് ലക്ഷത്തിലധികം രൂപയുടെ വര്‍ധനയുണ്ട്. ശബരിമലയില്‍ കയറുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനം നടക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
എത്ര പ്രശസ്തരും വാര്ത്താപ്രാധാന്യമുളളവരും ആയാലും ആചാരാനുഷ്ടാനത്തിന് എതിരായി ശബരിമലയില്‍ കയറില്ല എന്നാണ് താന്‍ മനസിലാക്കുന്നതെന്നായിരുന്നു ഇത് സംബന്ധിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.