മറഞ്ഞത് ഇന്ത്യൻ സിനിമയുടെ ശബ്ദഗാംഭീര്യം

കച്ചവടസിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും നിറസാന്നിദ്ധ്യമായിരുന്നു ഓംപുരി.

കല ജീവിതം തന്നെയെന്ന് വിശ്വസിച്ച ഓംപുരി നാടകത്തിൽ പയറ്റിത്തെളിഞ്ഞ ശേഷമാണ് സിനിമയുടെ അത്ഭുതലോകത്തേക്കെത്തിയത്. അതും വർണങ്ങൾ കുറഞ്ഞ നവസിനിമാ പ്രസ്ഥാനത്തിന്‍റെ മുന്നണി പോരാളിയായി. സ്വതസിദ്ധമായ അഭിനയ ശൈലിയും, ഗാംഭീര്യമുള്ള ശബ്ദവും ഒരു കാലഘട്ടത്തിന്‍റെ സിനിമാ പ്രേമികളെ ഹരം കൊള്ളിച്ചു.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠിയായിരുന്ന നസീറുദ്ദീൻ ഷായ്ക്കൊപ്പം തന്നെയായിരുന്നു ആ പരീക്ഷണ ചിത്രങ്ങളിലേറെയും. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ഓംപുരി 1976ൽ പുറത്തിറങ്ങിയ മറാഠി ചിത്രം ഘാഷിറാം കോട്‍വാലിലൂടെയാണ് സിനിമയിൽ പ്രതിഭ തെളിയിച്ചത്.

പിന്നീട് വിവിധ ഭാഷകളിലായി 200ലേറെ സിനിമകൾ. അംരീഷ്പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ തുടങ്ങിയ താരങ്ങളുടെ കൂടെ അദ്ദേഹം നിറഞ്ഞാടി. 1990കളുടെ മധ്യത്തോടെ ഓംപുരി അഭിനയ പാടവം മാറ്റുരയ്ക്കുന്ന ചിത്രങ്ങളിലേക്ക് കളം മാറ്റി.

മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ ഗാന്ധി അടക്കം നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യ നടൻ എന്ന നിലയിലും ഓംപുരി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

പുരാവൃത്തം, സംവത്സരങ്ങൾ, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചു. ആരോഹൺ, അർദ്ധസത്യ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. രാജ്യം പത്മശ്രീ നൽകിയും അദ്ദേഹത്തെ ആദരിച്ചു. ഈസ്റ്റ് ഈസ്റ്റ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ബാഫ്‍റ്റ പുരസ്കാരവും ഓംപുരിയെ തേടിയെത്തി.

സന്തേയല്ലി നിന്ത കബരി, ടൈഗർ എന്നീ കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മരണം. വ്യക്തി ജീവിതത്തിലും, അഭിപ്രായ പ്രകടനങ്ങളിലും, ഓംപുരി നിരവധി വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ടെങ്കിലും, ആ പ്രതിഭയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നതാണ് സത്യം.

ബംഗാളിൽ പാകിസ്ഥാനെതിരെ മിണ്ടരുത് : ക്രമസമാധാനം തകരുമെന്ന് പോലീസ്

Next Story »

കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം സര്‍ക്കാര്‍ റദ്ദുചെയ്തു

HAPPENING NOW

%d bloggers like this: