ഇടുക്കി : ബോക്സിംഗ് ഇതിഹാസം മുഹമ്മദലി കേരളത്തിന്റെ അഭിമാനതാരമാണെന്ന് പ്രഖ്യാപിച്ച ഇ പി ജയരാജന് പുതിയ മന്ത്രി എം എം മണി യഥാർത്ഥ പിൻഗാമിയാകുമെന്ന് പ്രവചനമുണ്ടായിരുന്നു . റവന്യൂ ജില്ല കലോത്സവവേദിയിൽ കായികോത്സവത്തെപ്പറ്റി വാചകമടിച്ച് മണിയാശാൻ പ്രവചനം സത്യമാക്കുകയും ചെയ്തു.
ഇടുക്കി റവന്യൂ ജില്ല കലോത്സവ വേദിയിലായിരുന്നു രസകരമായ സംഭവം . കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കൂടുതലും പറഞ്ഞത് കായികോത്സവത്തെപ്പറ്റി . കായിക രംഗത്തെ ഇന്ത്യയുടെ പിന്നാക്കാവസ്ഥയെ പറ്റി വാചാലനായ മന്ത്രി, പിടി ഉഷയും ഷൈനി വിത്സനും പ്രീജ ശ്രീധരനും പോലെ അപൂർവ്വം ചിലർ മാത്രമേ ഉയർന്നു വന്നിട്ടുള്ളൂവെന്നും വിലയിരുത്തി.
ആഫ്രിക്കൻ രാജ്യങ്ങൾ പോലും സ്വർണമിങ്ങനെ വാരിവാരിക്കൂട്ടുമ്പോൾ ഇന്ത്യയ്ക്ക് വല്ല ഓടോ മറ്റോ കിട്ടിയാലായെന്നും മണിയാശാൻ ചൂണ്ടിക്കാട്ടി.കലാമേളയ്ക്ക് സർക്കാർ അനുവദിച്ച തുകയും മന്ത്രി കായിക മേളയുടെ അക്കൗണ്ടിലിട്ടതോടെ മണിയാശാന് അബദ്ധം പറ്റിയെന്ന് കാണികൾക്കുറപ്പായി .
ജോയ്സ് ജോർജ്ജ് എം.പിയും എം എൽ എ മാരായ പിജെ ജോസഫ് , ഇ എസ് ബിജിമോൾ എന്നിവരും വേദിയിലുണ്ടായിരുന്നു .എന്തായാലും കായികമേളയാണോ കലാമേളയാണോ മന്ത്രി ഉദ്ഘാടനം ചെയ്തതെന്ന സംശയത്തിലാണ് നാട്ടുകാർ .