ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്തെ മറ്റൊരു അഴിമതി കൂടി വിവാദമാകുന്നു. 2004-2008 ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതിലും വാടകയ്ക്ക് എടുത്തതിലും അഴിമതി നടന്നുവെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. ഒരു എന്‍ജിഒ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്ന കാലത്തെ ഇടപാടുകളിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പ്രഫുല്‍ പട്ടേലിനും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന കേസില്‍ 2014 ല്‍ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി നാസിര്‍ കരാഗിറിനെ കാനഡയിലെ ഓണ്റ്റാരിയോ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. 100 മില്യന്‍ യുഎസ് ഡോളറിന്റെ കരാര്‍ നേടുന്നതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിലായിരുന്നു ഇത്.
സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതില്‍ ഉള്‍പ്പെടെ സ്വകാര്യ വിമാനകമ്പനികള്‍ക്ക് അനുകൂലമായി വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണവും പരാതിയില്‍ ഉന്നയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നുകയാണെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ആറ് മാസങ്ങള്‍ക്കുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കോടതി മേല്‍നോട്ടത്തിലുളള അന്വേഷണമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. ഇടപാട് നടന്ന സമയത്തെ സര്‍ക്കാര്‍ ഇപ്പോള്‍ മാറിയതായും അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.