ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ ലോകത്തിന്റെ ശബ്ദം ചൈന കേള്‍ക്കണമെന്ന് ഇന്ത്യ. പാല് കൊടുക്കുന്ന കൈകളില്‍ കടിക്കുന്ന പാമ്പാണ് തീവ്രവാദമെന്നും ബെയ്ജിംഗ് അതിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന ചൈനയുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു എം.ജെ അക്ബറിന്റെ വാക്കുകള്‍.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ ശബ്ദം ചൈന കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. മൗലാന മസൂദ് അസറിനെതിരായ ഇന്ത്യയുടെ നീക്കത്തെ പതിനഞ്ചംഗ കൗണ്‍സിലില്‍ പതിന്നാല് രാജ്യങ്ങളും പിന്തുണച്ചപ്പോള്‍ ചൈന എതിര്‍ക്കുകയായിരുന്നു. നമുക്ക് മറ്റുളളവരെ മുറിവേല്പിക്കാം. എന്നാല്‍ സ്വയം മുറിവേല്ക്കുമ്പോള് വേദന കഠിനമായിരിക്കുമെന്നും എം.ജെ അക്ബര്‍ ഓര്‍മിപ്പിച്ചു.
ചൈനയെപ്പോലെ പക്വതയുളള ഒരു രാജ്യം തീവ്രവാദ വിഷയത്തില്‍ പാകിസ്ഥാന്റെ ആത്മഹത്യാപരമായ നിലപാട് മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആണവ വിതരണ സംഘത്തില്‍ ഇന്ത്യയെ അംഗമാക്കുന്നതിന് ചൈനയുടെ എതിര്‍പ്പ് പരിഹരിക്കാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും എതിര്‍പ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.