ന്യൂഡൽഹി : ബംഗളൂരുവിൽ സ്ത്രീകൾ പീഡിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അപമാനകരമായ പരാമർശങ്ങൾ നടത്തിയ കർണാടക ആഭ്യന്തരമന്ത്രി പരമേശ്വരയ്ക്കും സമാജ്വാദി പാർട്ടി നേതാവ് അബു അസ്മിക്കും ദേശീയ വനിത കമ്മീഷൻ നോട്ടീസ് അയച്ചു . ബലാത്സംഗവും പീഡനവും നടക്കുന്നത് സ്ത്രീകളുടെ കുറ്റം കൊണ്ടാണെന്ന രീതിയിൽ സംസാരിച്ചതിനാണ് നോട്ടീസ് അയച്ചത് .
കഴിഞ്ഞ ന്യൂ ഇയർ ആഘോഷത്തിനിടെയാണ് ബംഗളൂരുവിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടത് . നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നെങ്കിലും പോലീസ് നിഷ്ക്രിയമായിരുന്നു . ഇതൊക്കെ സംഭവിക്കുന്നതാണെന്നായിരുന്നു ആഭ്യന്തര മന്ത്രി പരമേശ്വരയുടെ പ്രതികരണം.ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകളുടെ വസ്ത്ര ധാരണം മൂലമാണെന്ന് അബു അസ്മി പറഞ്ഞിരുന്നു . കുറ്റം സ്ത്രീകളുടെയാണെന്നും അസ്മി വ്യക്തമാക്കിയിരുന്നു.
ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ ലളിത കുമാര മംഗലം ചോദിച്ചു. പോലീസ് സുരക്ഷ ഒരുക്കേണ്ടതായിരുന്നുവെന്നും ഇത്തരം പരാമർശം നടത്തിയ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.