ദുബായ്: അധോലോക നായകനും മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളുമായ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ യുഎഇയില്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ദുബായിലെ വസ്തുവകകളും ആഢംബര ഹോട്ടലുകളും ഓഹരികളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയിരിക്കുന്നതെന്നാണ് വിവരം.
ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലെ സമ്പാദ്യങ്ങളെക്കുറിച്ച് ഇന്ത്യ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനൊടുവിലാണ് നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമൊത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം യുഎഇ സന്ദര്‍ശിച്ചപ്പോഴാണ് വിവരങ്ങള്‍ കൈമാറിയത്.
ദുബായില്‍ ദാവൂദിന്റെ ഇളയ സഹോദരന് അനിസ് ഇബ്രാഹിം നടത്തുന്ന ഗോള്‍ഡന്‍ ബോക്സ് എന്നറിയപ്പെടുന്ന കമ്പനിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയായിരുന്നു കൈമാറിയത്. ക്രിമിനല്‍ പ്രവൃത്തികളിലൂടെയാണ് സ്വത്തുക്കള്‍ സമ്പാദിച്ചതെന്ന് കാണിച്ച് വിദേശ രാജ്യങ്ങളിലെ ദാവൂദിന്റെ സ്വത്തുക്കളുടെ പട്ടിക ഇന്റര്‍പോളിനും ഇന്ത്യ കൈമാറിയിരുന്നു.
യുഎഇ കൂടാതെ മൊറോക്കോ, സ്പെയിന്, സിംഗപ്പൂര്‍, തായ്ലന്ഡ്, തുര്‍ക്കി, പാകിസ്ഥാന് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ദാവൂദിന് സ്വത്തുക്കള്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിഗമനം. അതിനിടെ ദാവൂദിനെ നിയമനടപടികള്‍ക്കായി ഇന്ത്യയിലെത്തിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.