ചിക്കമംഗലുരു: കർണ്ണാടക സഹകരണ വകുപ്പ് മന്ത്രി എച്ച്.എസ് മഹാദേവപ്രസാദ് അന്തരിച്ചു. ചിക്കമംഗലുരുവിലെ ഒരു റിസോർട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
58 വയസ്സുളള മഹാദേവപ്രസാദിന് തിങ്കളാഴ്ച്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. രാവിലെ മുറിയിൽ നിന്നും പുറത്തെത്താതിരുന്നതിനേത്തുടർന്ന് അദ്ദേഹത്തിന്റെ ഗൺമാനും, പേഴ്സണൽ സ്റ്റാഫും ചേർന്ന് രാവിലെ 8.30ഓടെ മുറി തുറന്നു നോക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.
കൊപ്പ ടൗണിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ചിക്കമംഗലുരുവിൽ എത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മഹാദേവപ്രസാദ്. ഗുണ്ട്ലുപ്പേട്ട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച ഇദ്ദേഹം കർണ്ണാടക അസംബ്ലിയിൽ അഞ്ചാം തവണയാണ് അംഗമാകുന്നത്.