എറണാകുളം : മൂവാറ്റുപുഴയിലെ രായമംഗലം പുല്ലുവഴിയിൽ പി ഗോവിന്ദപ്പിള്ളയുടെ സഹോദര പുത്രന്റെ നിലം നികത്തലിന് സിപിഎം കുടപിടിക്കുന്നതായി ആരോപണം . സിപിഎം സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടേയും മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ പി കെ വാസുദേവൻ നായരുടേയും ബന്ധുവാണ് നഗ്നമായ നിയമലംഘനം നടത്തുന്നത് .
കുന്നത്ത് നാട് താലൂക്കിൽ രായമംഗലം വില്ലേജിൽ ബ്ളോക്ക് നമ്പർ 19 ൽ 936 , 2026 -)0 നമ്പർ തണ്ടപ്പേരിൽ കരം തീർത്തു വരുന്ന 209/2, 209/3 എന്നീ സർവേ നമ്പരിൽ പെട്ട നിലമാണ് നികത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ രായമംഗലം വില്ലേജ് ഓഫീസർ നിലം നികത്തുന്നതിനെതിരെ നിരോധന ഉത്തരവ് നൽകി . എന്നാൽ രാത്രിയുടെ മറവിൽ ലോഡ് കണക്കിന് മണ്ണ് തട്ടി നിലം നികത്തൽ വ്യാപകമായി നടക്കുകയാണെന്നാണ് ആരോപണം .
നികത്തിയ മണ്ണ് എടുത്തു മാറ്റണമെന്ന് നിർദ്ദേശിച്ചപ്പോൾ രാത്രിയിൽ മണ്ണ് നിലത്തിൽ നിരത്തുകയാണുണ്ടായതെന്നും നാട്ടുകാർ പറയുന്നു . ഭരണത്തിന്റെ മറവിലാണ് ഈ നിയമ ലംഘനം നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു . പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല . കൃഷിമന്ത്രിക്ക് പോലും ഇടപെടാനാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം .
സിപിഎം പിന്തുണയോടെ പാർട്ടിയുമായി ബന്ധമുള്ള ഉന്നതൻ നടത്തുന്ന നിലം നികത്തലിനെതിരെ പാർട്ടിയിലും മുറുമുറുപ്പുകൾ ഉയരുന്നുണ്ട് . എന്നാൽ ശക്തരായ ചില നേതാക്കളുടെ പിന്തുണ ഇയാൾക്കുണ്ടെന്ന് പറയപ്പെടുന്നു . എന്തായാലും അധികൃതർ നടപടി എടുക്കാത്ത പക്ഷം നാട്ടുകാർ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. ബിജെപിയും ഇതിനെതിരെ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.