ലക്നൗ: കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ അപ്രസക്തമായിക്കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പോടെ ഇവരുടെ രാഷ്ട്രീയ ഭാവിയില്‍ തീരുമാനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം പ്രശ്നങ്ങളാണ് ഇവര്‍ക്ക് വലുത്. രാജ്യത്തിന്റെ വികസനത്തിനായി നിലകൊളളുന്നത് ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വന്‍ ജനസഞ്ചയമായിരുന്നു എത്തിയത്. നരേന്ദ്രമോദിയെ നീക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുമ്പോള്‍ അഴിമതിയും കളളപ്പണവും തുടച്ചുനീക്കുമെന്നാണ് താന്‍ പറയുന്നത്. എന്താണ് യഥാര്‍ഥത്തില്‍ നീക്കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കളളപ്പണവും അഴിമതിയും ഉന്മൂലനം ചെയ്യുന്നതു വരെ അതിനെതിരേ പോരാട്ടം തുടരും. രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ അഴിമതിക്കെതിരേ യുദ്ധം തുടങ്ങിയത്. പാവങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ ചില സംഘങ്ങള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്ന കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഒരാളെ നേതാവാക്കാന്‍ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. എന്നാല്‍ ഇതുവരെ എവിടെയാണ് പിഴവെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്പിയാണെങ്കില് പണത്തെക്കുറിച്ചുളള ചിന്തകളില്‍ അസ്വസ്ഥമാണ്. അവരുടെ സമ്പാദ്യം സംരക്ഷിക്കാന്‍ ബാങ്കുകള്‍ തോറും കയറിയിറങ്ങുകയാണ് പാര്‍ട്ടി ഇപ്പോള്‍. സമാജ് വാദി പാര്‍ട്ടിയാകട്ടെ അവരുടെ കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ യുപിയില്‍ പരിവര്‍ത്തന്‍ (മാറ്റം) അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുപിയിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെയും പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. കര്‍ഷകരെ അവഗണിക്കുന്ന സമീപനമായിരുന്നു സര്‍ക്കാരിന്റേത്. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിട്ടും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനമല്ലായിരുന്നു ഭരണകര്‍ത്താക്കളുടെ മുഖ്യ അജന്‍ഡയെന്നും നിര്‍ഭാഗ്യകരമായ സമീപനമാണ് ഇതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
സംസ്ഥാന ഭരണത്തില്‍ ബിജെപിയുടെ 14 വര്‍ഷത്തെ പ്രവാസം അവസാനിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ സംസ്ഥാന വികസനത്തിന്റെ 14 വര്‍ഷത്തെ പ്രവാസം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുകയാണ് വേണ്ടതെന്നും അതിന് വേണ്ടിയാണ് ബിജെപി പരിശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒരിക്കലും ഒരുമിച്ചിട്ടില്ല. ബിഎസ്പി സൂര്യന് ഉദിക്കുകയാണെന്ന് പറഞ്ഞാല്‍ സമാജ് വാദി പാര്‍ട്ടി അസ്തമിക്കുകയാണെന്ന് പറയും. എന്നാല്‍ അഴിമതി അവസാനിപ്പിക്കാനുളള തന്റെ തീരുമാനം പുറത്തുവന്നതോടെ ഇരുവരും തനിക്കെതിരേ ഒരുമിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ഉമാഭാരതി തുടങ്ങിയ നേതാക്കളും റാലിയില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.