ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പുതുവർഷസമ്മാനവുമായി ബി.എസ്.എൻ.എൽ. പുതുവർഷത്തോടനുബന്ധിച്ച് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ച ഓഫറുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
പുതിയ ഓഫർ പ്രകാരം 144 രൂപയ്ക്ക് റീച്ചാർജ്ജ് ചെയ്യുന്നവർക്ക് രാജ്യത്തെവിടെയുമുളള ബി.എസ്.എൻ.എൽ ഫോണുകളിലേയ്ക്ക് എത്ര സമയം വേണമെങ്കിലും സൗജന്യമായി സംസാരിക്കാം. ഇതോടൊപ്പം 300 എം.ബി ഡാറ്റയും സൗജന്യമായി ലഭിക്കും. 28 ദിവസമായിരിക്കും ഈ ഓഫറിന്റെ കാലാവധി.
339 രൂപയുടെ ഓഫറാണ് മറ്റൊന്ന്. ഇതു പ്രകാരം, രാജ്യത്തെ ഏതു കമ്പനിയുടെ നമ്പരിലേയ്ക്കും എത്ര സമയം വേണമെങ്കിലും സൗജന്യമായി വിളിക്കാം. ഇതോടൊപ്പം 1 ജി.ബി ഡാറ്റ സൗജന്യമാണ്. ഈ ഓഫറിന്റെയും കാലാവധി 28 ദിവസമാണ്.
ഈ ഓഫറുകൾ ബി.എസ്.എൻ.എല്ലിന്റെ പ്രീ-പെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കും. ഇതു കൂടാതെ 4400 രൂപയുടെ വൈഫൈ ഹോട്ട് സ്പോട്ടുകൾ ബി.എസ്.എൻ.എൽ ഉടൻ പുറത്തിറക്കുമെന്നും ബി.എസ്.എൻ.എൽ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.