ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനു വെല്ലുവിളിയുമായി പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ്. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ തന്നോടു മത്സരിക്കാൻ കെജ്രിവാളിനെ വെല്ലുവിളിച്ചു കൊണ്ടാണ് അമരീന്ദർ സിങ് രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചാബ് മുൻ മുഖ്യമന്ത്രിയും, പഞ്ചാബ് കോൺഗ്രസിന്റെ മുഖവുമായ അമരീന്ദർ സിങ് ട്വിറ്റർ വഴിയാണ് കെജ്രിവാളിന് വെല്ലുവിളിയുയർത്തിയിരിക്കുന്നത്. നേരത്തെ അമരീന്ദർ സിങ് പഞ്ചാബിലെ ഇപ്പൊഴത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ഉപമുഖ്യമന്ത്രി സുഖ്ബിർ ബാദൽ, ബിക്രം മജീദിയ എന്നിവരോട് മത്സരിക്കുമോ അതോ ഒരു സുരക്ഷിതമായ സീറ്റിൽ ജനവിധി തേടുമോ എന്ന് കെജ്രിവാൾ ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് അമരീന്ദർ സിങ് കെജ്രിവാളിനെ തന്നോടു മത്സരിക്കുന്നതിന് ക്ഷണിച്ചത്.
ഉടനടി മറുപടി നൽകിയ അമരീന്ദർ പഞ്ചാബിൽ ബാദലിന്റെ അദ്ധ്യായം അവസാനിച്ചതാണെന്നും കെജ്രിവാൾ പഞ്ചാബ് തെരഞ്ഞെടുപ്പിൽ തന്നോടു മത്സരിക്കാൻ തയ്യാറാവണമെന്നും പറഞ്ഞു. ‘താങ്കൾ പഞ്ചാബിൽ എവിടെയാണ് മത്സരിക്കുന്നതെന്ന് പറയൂ, ഞാൻ അവിടെ വന്ന് താങ്കളെ നേരിടാം’ അമരീന്ദർ ട്വിറ്ററിൽ കുറിച്ചു.