ശ്രീനഗര്‍: മുന്‍കരുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്ന കശ്മീര്‍ വിഘടനവാദി നേതാവ് മസ്റത് ആലം ഭട്ടിനെ വിട്ടയയ്ക്കാന് ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടു. പൊതു സുരക്ഷാ നിയമം (പബ്ലിക് സേഫ്റ്റി ആക്ട്) അനുസരിച്ചാണ് ആലമിനെ കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
മസ്റത് ആലം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. നിലവില്‍ ജമ്മുവിലെ കത്വ ജയിലിലാണ് ആലം. വിഘടനവാദി നേതാവ് സയ്യീദ് അലി ഷാ ഗീലാനിയുടെ അടുത്ത അനുയായിയാണ് മസ്റത് ആലം. 2010 ലെ കലാപത്തിലും ആലത്തിന് പങ്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്.
2015 ഏപ്രിലില്‍ മസ്റത് ആലത്തിനെ മോചിപ്പിച്ചിരുന്നെങ്കിലും ശ്രീനഗറില്‍ ഗീലാനിക്ക് സ്വീകരണം നല്കാന് വിഘടനവാദികള്‍ സംഘടിപ്പിച്ച റാലിയില്‍ പാക് പതാക ഉയര്‍ത്തുകയും പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന്റെ പേരില്‍ ഇയാളെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.