ന്യൂഡല്‍ഹി: സംഭാവന പട്ടികയില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അശ്രദ്ധ മൂലമുണ്ടായ പിഴവാണെന്നും തെറ്റ് തിരുത്തി പുതിയ പട്ടിക നല്‍കിയിട്ടുണ്ടെന്നും എഎപി പ്രതികരിച്ചു. ഒരാളുടെ പോലും സംഭാവന മറച്ചുവെച്ചിട്ടില്ലെന്നും 100 ശതമാനം സുതാര്യതയോടെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും പാര്‍ട്ടി ട്രഷറര്‍ രാഘവ് ചദ്ദ പറഞ്ഞു.
ആദായനികുതി വകുപ്പിന്റെ നോട്ടീസ് പകപോക്കലിന്റെ ഭാഗമാണെന്നും പാര്‍ട്ടിയെയും സംഭാവന നല്കിയവരെയും ഉപദ്രവിക്കാനുളള ശ്രമമാണിതെന്നും രാഘവ് ചദ്ദ ആരോപിച്ചു. നേരത്തെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഭാവന നല്‍കിയവരുടെ പട്ടിക വെബ്സൈറ്റില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസും ലഭിച്ചത്.
സംഭാവനയിലെ പിഴവ് ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും. ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ പൊരുത്തക്കേടിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ സംഭാവനയില് എട്ട് ശതമാനത്തില്‍ താഴെ മാത്രമാണ് പണമായി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസും ബിജെപിയും 70-80 ശതാനത്തോളം തുകയും പണമായിട്ടാണ് സ്വീകരിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ പ്രതികരിച്ചു.