ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേറിട്ടൊരു സ്നേഹോപഹാരമൊരുക്കി ഡൽഹിയിൽ നിന്നുളള ആഭരണ ഡിസൈനർ മസ്കാൻ അഗർവാൾ. മോദിയുടെ പേരിലുളള നെക്ലസ്, ബ്രേസ്ലെറ്റ്, കമ്മൽ എന്നിവയുമായാണ് ഈ യുവ ഡിസൈനർ ഫാഷൻ ലോകത്തെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. തന്റെ തലമുറയിലെ സൂപ്പർ ഹീറോ ആണ് നരേന്ദ്രമോദിയെന്ന് മസ്കാൻ പറയുന്നു.
ചരിത്രപരമായ നീക്കങ്ങളിലൂടെ നരേന്ദ്രമോദി ഭാരതത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയെന്ന് അവർ പറയുന്നു. കളളപ്പണത്തിനെതിരേയുളള നരേന്ദ്രമോദിയുടെ നീക്കങ്ങൾ അദ്ദേഹത്തെ തങ്ങളുടെ തലമുറയിലെ സൂപ്പർ താരമാക്കി മാറ്റിയതായും മസ്കാൻ പറഞ്ഞു.
മോദിക്ക് സല്യൂട്ട് നൽകുന്നതിനായി ഞാൻ എന്റേതായ ഒരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ഇനിയുമിനിയും ശക്തനാകട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു; അവർ പറഞ്ഞു.
ഇത് ഒരു പക്ഷേ മോദിയുടെ പേരിലിറങ്ങുന്ന ആദ്യത്തെ ആഭരണമായിരിക്കാം. പക്ഷേ നരേന്ദ്രമോദി ഫാഷൻ ലോകത്തെ സ്വാധീനിക്കുന്നത് ഇതാദ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. മോദി കുർത്ത, മോദി സ്യൂട്ട് എന്നിങ്ങനെ പ്രധാനമന്ത്രിയുടെ വേറിട്ട ശൈലി ഫാഷൻ ലോകത്തെ നിരവധി തവണ സ്വാധീനിച്ചിട്ടുളളതാണെന്നും അവർ കൂട്ടിച്ചേർത്തു.