സന്നിധാനം: ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇന്നലെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. 41 ദിവസം ശരണം വിളികള്‍ മുഴങ്ങിയ പൂങ്കാവനത്തിന് ഇനിയുള്ള മൂന്നുദിവസം പ്രാര്‍ഥനയുടെ നിമിഷങ്ങളാണ്. ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് മഹോത്സവത്തിനാണ് ഇനി നട തുറക്കുക.
ഇന്നലെ കളഭാഭിഷേകവും കഴിഞ്ഞ് ഉച്ചയ്ക്ക് 12.30 ഓടെ അടച്ച നട വൈകിട്ട് വീണ്ടും തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെയും മേല്‍ശാന്തി ടി. എം. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ കളഭപൂജ നടത്തി. രാത്രി പത്തുമണിക്ക് പൂജയ്ക്കു ശേഷം രുദ്രാക്ഷമാലയണിച്ച് ഭഗവനെ ഭസ്മം അണിയിച്ചതോടെ ഇനിയുള്ള മൂന്നുദിവസങ്ങള്‍ പ്രാര്ഥനകളുടെതായി.
സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും സന്നദ്ധ സംഘടനകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ വളരെ സുഗമവും കൃത്യതയാര്‍ന്നതുമായ തീര്‍ഥാടനകാലത്തിന്റെ ആദ്യഘട്ടത്തിനാണ് ഇതിലൂടെ പരിസമാപ്തിയായത്. പ്ലാസ്റ്റിക്കിനെ പരമാവധി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി പമ്പയും സന്നിധാനവും.
പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തേക്കുള്ള പാതയിലും വാട്ടര്‍ അതോറിറ്റി ശുദ്ധീകരിച്ച വെള്ളം സജ്ജമാക്കിയിരുന്നു. അയ്യപ്പസേവാസംഘത്തിന്റെ ഇടപെടലും എടുത്ത് പറയേണ്ടതാണ്.