ന്യൂഡൽഹി: ഉപഭോക്തൃ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മൊബൈൽ ആപ്പും, ഹെൽപ്പ് ലൈൻ നമ്പരുമായി കേന്ദ്രസർക്കാർ, സ്മാർട്ട് കൺസ്യൂമർ എന്ന മൊബൈൽ ആപ്പിന്റെയും 14404 എന്ന അഞ്ചക്ക ഹെൽപ്പ് ലൈൻ നമ്പരിന്റെയും ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പാസ്വാൻ നിർവ്വഹിച്ചു.
ഉപഭോക്താക്കളുടെ പരാതികളിൽ മധ്യസ്ഥത വഹിക്കുന്നതിനായി ബംഗലുരുവിലെ നാഷണൽ ലോ സ്കൂളുമായി സഹകരിച്ച് ഓൺലൈൻ സംവിധാനമായ ഒ.സി.എം.സി സംവിധാനവും കേന്ദ്ര ഉപഭോക്തൃ വകുപ്പ് ആരംഭിച്ചു.
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ചത്. ചൂഷണങ്ങളിൽ നിന്നും ഉപഭോക്താക്കൾക്കു സംരക്ഷണം നൽകുന്ന കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ മന്ത്രി അറിയിച്ചു.
ചടങ്ങിൽ, കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി സി.ആർ. ചൗധരി, ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ അദ്ധ്യക്ഷൻ ഡി.കെ. ജെയിൻ എന്നിവരും സംസാരിച്ചു.