ന്യൂഡൽഹി: കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാസ്പോർട്ട് അപേക്ഷയിൽ ഉണ്ടായിരുന്ന മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ചതിനേത്തുടർന്ന് പുതിയ മാറ്റം സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അഭിപ്രായനിർദ്ദേശങ്ങൾ ക്ഷണിച്ചു.
പാസ്പോർട്ട് അപേക്ഷയിൽ നിരവധി ഇളവുകളായിരുന്നു കേന്ദ്രസർക്കാർ വരുത്തിയത്. അനാഥരായവർക്കും, വിവാഹബന്ധം വേർപെടുത്തിയവർക്കും, പിരിഞ്ഞു താമസിക്കുന്നവർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും സന്യാസിസമൂഹത്തിനുമുൾപ്പെടെ നിരവധി പ്രയോജനകരമായ മാറ്റങ്ങൾ മന്ത്രാലയം വരുത്തിയിരുന്നു.
പാസ്പോർട്ടിനായി സമർപ്പിക്കാവുന്ന രേഖകളുടെ കൂട്ടത്തിൽ ആധാർ ഉൾപ്പെടുത്തിയതും, ജനനത്തീയതി സംബന്ധിച്ച ഇളവുകളും ഇക്കൂട്ടത്തിൽ ഏറെ ആകർഷകമാണ്. ഇതു വഴി പാസ്പോർട്ട് അപേക്ഷാ നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാകുമെന്നു വിലയിരുത്തപ്പെടുന്നു.
ഈ മാറ്റങ്ങൾ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചുകൊണ്ട് സുഷമാസ്വരാജ് ട്വീറ്റ് ചെയ്യുകയായിരുന്നു.