ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമ്മാനപദ്ധതി ഇന്നു മുതൽ ആരംഭിക്കും. ലക്കി ഗ്രഹക് യോജന, ഡിജി ധൻ വ്യാപാർ യോജന എന്നീ പദ്ധതികൾ 100 ദിവസങ്ങളിൽ 100 പ്രമുഖ നഗരങ്ങളിലായി നടപ്പിലാക്കുമെന്ന് നീതി ആയോഗ് അറിയിച്ചു.
1,000, 15,000 രൂപ വീതം സമ്മാനങ്ങൾ നൽകുന്ന ലക്കി ഗ്രഹക് യോജനയുടെ ഉദ്ഘാടനം ഇന്ന് ഡൽഹിയിൽ നടക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദുമായി ചേർന്ന് ആദ്യ നറുക്കെടുപ്പ് ഡൽഹിയിൽ നടത്തും. ഡിജിറ്റൽ ഇടപാടുകൾ രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 100 വ്യത്യസ്ത നഗരങ്ങളിലായി ഇനി വരുന്ന 100 ദിവസങ്ങളിൽ ഈ സമ്മാനപദ്ധതി തുടരുമെന്നും നീതി ആയോഗ് അറിയിച്ചു.
റുപേ കാർഡുകൾ, എ.ഇ.പി.എസ്, യു.പി.ഐ ആപ്പുകൾ, യു.എസ്.എസ്.ഡി എന്നിവ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർക്കാണ് ഈ സമ്മാനപദ്ധതിയുടെ പ്രയോജനം ലഭിക്കുക.