കൊച്ചി: പുതിയ മലയാള ചിത്രങ്ങളൊന്നുമില്ലാതെയാണ് കേരളം ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനും പുലിമുരുകനുമാണ് ഇപ്പോള്‍ തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. അതേസമയം അമീര്‍ ഖാന്റെ ദംഗല്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
ഏറ്റവും വരുമാനം ഉണ്ടാകേണ്ട ക്രിസ്മസ് സീസണില്‍ തന്നെ സിനിമാ സമരം വീണ്ടും കടന്നുവന്നത് കുറച്ചൊന്നുമല്ല മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കുക. പുത്തന്‍ സിനിമകള്‍ കാണാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തേണ്ട തിയേറ്ററുകളില്‍ മിക്കതിലും ശരാശരിയിലും താഴെയാണ് ജനത്തിരക്ക്.
പുതിയ മലയാള ചിത്രങ്ങളെത്താത്തത് മികച്ച പ്രതികരണം നേടി മുന്നേറുന്ന അമീര്‍ ഖാന് ചിത്രം ദംഗലിന് തുണയാകുന്നു. വിശാലിന്റെ തമിഴ് ചിത്രം കത്തിസണ്ടൈയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മറ്റൊരു അന്യഭാഷാ ചിത്രം. ക്രിസ്മസ് സീസണില്‍ സിനിമാ സമരം ഉണ്ടായത് ആരാധകരെയും നിരാശരാക്കുന്നു.
സത്യന് അന്തിക്കാട് ദുല്‍ക്കര്‍ സല്മാന് കൂട്ടുകെട്ടിലൊരുങ്ങിയ ജോമോന്റെ സുവിശേഷം, മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, സിദ്ദിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജിന്റെ എസ്ര എന്നീ സിനിമകളാണ് ക്രിസ്മസിന് തിയേറ്ററിലെത്തേണ്ടിയിരുന്ന മലയാള സിനിമകള്‍.
കളക്ഷന്‍ തര്‍ക്കത്തെ തുടര്‍ന്നാണ് മലയാള സിനിമയില്‍ ഇതുവരെയില്ലാത്ത രീതിയില്‍ ക്രിസ്മസ് സീസണില്‍ സമരം കടന്നുവരുന്നത്.