ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂല സര്‍ക്കാരാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിച്ച് ബിജെപി. യുപിഎ ഭരണകാലത്ത് അംബാനിയും അദാനിയും അടക്കമുളള വന്‍കിട വ്യവസായികള്‍ക്ക് അനുവദിച്ച വായ്പയുടെ വിശദമായ കണക്ക് പുറത്ത് വിട്ടാണ് ബിജെപി കോണ്‍ഗ്രസിന്റെ ആരോപണത്തിലെ പൊളളത്തരം തുറന്നുകാട്ടിയത്. കണക്കുകള്‍ അനുസരിച്ച് യുപിഎ ഭരണകാലത്ത് അദാനി ഗ്രൂപ്പിന് വായ്പയായി അനുവദിച്ചത് 72,000 കോടി രൂപയാണ്. അംബാനി ഗ്രൂപ്പിനാകട്ടെ 1,13, 000 കോടി രൂപയും വായ്പയായി അനുവദിച്ചു.
2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം മാത്രമാണ് ഇവരില്‍ നിന്നുള്‍പ്പെടെ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ നീക്കം തുടങ്ങിയതെന്നും കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. വായ്പയുടെ വിവരങ്ങള്‍ അടങ്ങുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകളും അനുബന്ധ രേഖകളും സഹിതമായിരുന്നു ബിജെപി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയത്. 2005 മുതല്‍ 2013 വരെയുളള കാലത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതി തളളിയതായും ബിജെപി ചൂണ്ടിക്കാട്ടി.
അദാനിയും അംബാനിയും കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ മാത്രമല്ല ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയതെന്ന് ശ്രീകാന്ത് ശര്‍മ പറഞ്ഞു. രാഹുല്‍ ഗാന്ധി ജനിക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് കോര്‍പ്പറേറ്റുകളെ അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് കളങ്കിത പശ്ചാത്തലമാണെങ്കില്‍ എന്തുകൊണ്ട് ഇവര്‍ ഇത്രയ്ക്ക് പുഷ്ടിപ്പെട്ടുവെന്ന് വിശദീകരിക്കേണ്ട ബാധ്യത കൂടുതലും കോണ്‍ഗ്രസിനാണെന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു.
വിജയ് മല്യയുടെ കാര്യത്തിലും മറിച്ചല്ല സ്ഥിതിയെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. യുപിഎ ഭരണകാലത്ത് മല്യയോട് കരുണ കാട്ടിയിരുന്നത് വ്യക്തമാക്കുന്ന ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുളളതാണെന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു. 2012 ല്‍ മല്യയുടെ 1450 കോടി രൂപയുടെ അക്കൗണ്ട് എസ്ബിഐ മരവിപ്പിച്ചിരുന്നു. പിന്നെ എങ്ങനെയാണ് ഇതേ ബാങ്ക് 1500 കോടി രൂപ കൂടി മല്യയ്ക്ക് കൊടുത്തതെന്ന് ശ്രീകാന്ത് ശര്‍മ ചോദിച്ചു. ഇക്കാര്യത്തില്‍ ബിജെപിയെ ചോദ്യം ചെയ്യുന്നതിനും മുന്‍പ് രാഹുല്‍ ഗാന്ധി ഇതിന് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തുക തിരികെ പിടിക്കാനുളള ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് 800 കോടി രൂപ തിരിച്ചുപിടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയ് മല്യയുടെ കാര്യത്തില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് തന്നെ വിനയായി മാറുന്നത്.
2005-06 നെക്കാള്‍ 2013-14 ല്‍ കിട്ടാക്കടങ്ങളുടെ അനുപാതം 132 ശതമാനമായി ഉയര്‍ന്നിരുന്നതായും ശ്രീകാന്ത് ശര്‍മ പറഞ്ഞു.