വാരാണസി: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി. രാജ്യത്തെ നിരക്ഷതയ്ക്കു കാരണം കോൺഗ്രസ് ആണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വാരാണസിയിൽ കാൻസർ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസാരിക്കവേ, രാഹുൽ ഗാന്ധിയുന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
അവർക്കൊരു യുവ നേതാവുണ്ട്, അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചു വരികയാണ്. അദ്ദേഹം സംസാരിക്കാൻ പഠിച്ചതു മുതൽ എന്റെ ആനന്ദത്തിന് അതിരില്ല; പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം സംസാരിച്ചില്ലായിരുന്നെങ്കിൽ രാജ്യം ഒരു ഭൂകമ്പത്തെ നേരിടേണ്ടി വന്നേനെ എന്നാൽ അദ്ദേഹമിപ്പോൾ സംസാരിച്ചതു കാരണം ഇവിടെയിനിയൊരു ഭൂകമ്പമുണ്ടാകാൻ പോകുന്നില്ലെന്ന് നമുക്ക് അറിയാം; അദ്ദേഹം പരിഹസിച്ചു.
ഈ രാജ്യത്തെ നിരക്ഷരതയ്ക്കു കാരണം കോൺഗ്രസ്സ് പാർട്ടിയാണ്. അഴിമതിക്കേതിരേയുളള യുദ്ധം തുടരുക തന്നെ ചെയ്യും. കോൺഗ്രസ്സിന്റെ കളളക്കളികൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില രാഷ്ട്രീയപ്പാർട്ടികൾക്ക് ഇത്തരത്തിൽ അഴിമതിയുടെ കൂടെ ചേർന്നു നിൽക്കാനുളള നാണമില്ലായ്മയുണ്ടാകുമെന്ന് താനൊരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ ഒരു കോൺഗ്രസ് റാലിയിൽ പങ്കെടുത്തു സംസാരിക്കവേ പ്രധാനമന്ത്രി സഹാറ ഗ്രൂപ്പുമായി ചേർന്ന് 40 കോടി രൂപയുടെ അഴിമതി നടത്തിയതിന്റെ രേഖകൾ തന്റെ കൈയ്യിലുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്.