ന്യൂഡൽഹി : പാക് ചാര സംഘടനയായ ഐഎസ്ഐ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് . പാക് അധീന കശ്മീരിലെ ലോഞ്ചിംഗ് പാഡുകളിൽ ഭീകര സാന്നിദ്ധ്യം ശക്തമാണെന്നും ഇത് ആക്രമണത്തിന് വേണ്ടിയാണെന്ന് സംശയിക്കുന്നതായും ഐബി വ്യക്തമാക്കി.
ഭീകരരും അവരുടെ ചുമതലപ്പെട്ടവരും തമ്മിൽ നടത്തുന്ന ഫോൺ സംഭാഷണങ്ങൾ ലഭിച്ചതോടെയാണ് ഐബിയുടെ മുന്നറിയിപ്പ് . താലിബാൻ ഭീകരരും ഈ ലോഞ്ച് പാഡുകളിൽ സജീവമാണ് . താലിബാൻ -അഫ്ഗാൻ ഭീകരരെ ഉപയോഗിച്ചു കൊണ്ട് പുതിയ തന്ത്രമാണ് ഐ എസ് ഐ പയറ്റുന്നതെന്ന് ഐബി റിപ്പോർട്ട് ചെയ്തു.
സ്വാത് താഴ്വരയിലും തോറ ബോറ കുന്നുകളിലും സംയുക്ത ട്രെയിനിംഗ് ക്യാമ്പുകൾ സജീവമാണെന്നും റിപ്പോർട്ടുണ്ട് . ഇവിടെ നിന്ന് ഭീകരരെ ലോഞ്ച് പാഡുകളിൽ വൻ തോതിൽ എത്തിക്കുന്നുമുണ്ട് . സെപ്റ്റംബർ 29 ലെ സർജിക്കൽ സ്ട്രൈക്ക് ഐ എസ് ഐയെ ഞെട്ടിച്ചിരുന്നു . ഇതിനു ബദലായി വൻ ആക്രമണപദ്ധതികളുടെ മുന്നൊരുക്കങ്ങളാണ് ഐ എസ് ഐ നടത്തുന്നത്.
ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെത്തുടർന്ന് പ്രധാന കേന്ദ്രങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് .