മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലും കരുത്ത് തെളിയിച്ച് ബിജെപി. സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് (122) ഒന്നാമതാണെങ്കിലും ബിജെപി 116 സീറ്റുകളുമായി ശക്തമായ സാന്നിധ്യം അറിയിച്ചു. ഇതോടെ മൂന്ന് ഘട്ടങ്ങളിലുമായി ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം 1061 ലെത്തി. കോണ്‍ഗ്രസിന് 894 സീറ്റുകളാണ് ലഭിച്ചത്.
ഔറംഗബാദ്, നന്ദേദ്, ബന്ദ്ര, ഗഡ്ചിരോലി ജില്ലകളിലായി 19 മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കും രണ്ട് നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. എട്ട് മുന്‍സിപ്പല്‍ അദ്ധ്യക്ഷസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേടി. എന്‍സിപിക്ക് 78 കൗണ്‍സില്‍ സീറ്റുകളാണ് മൂന്നാംഘട്ടത്തില്‍ ലഭിച്ചത്. ശിവസേനയ്ക്ക് 38 സീറ്റുകളും ലഭിച്ചു. 28 സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.
ഇതോടെ മൂന്ന് ഘട്ടങ്ങളിലായി എന്‍സിപിക്ക് 786 കൗണ്‍സില്‍ സ്ഥാനങ്ങളും ശിവസേനയ്ക്ക് 598 സീറ്റുകളുമാണ് ലഭിച്ചത്. നാല് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജനുവരി എട്ടിനാണ് നാലാംഘട്ട വോട്ടെടുപ്പ്. ആദ്യ രണ്ട് ഘട്ടങ്ങളിലും ബിജെപി വന്‍ വിജയമായിരുന്നു നേടിയത്. കറന്‍സി പിന്‍വലിക്കലിന് ജനങ്ങള്‍ നല്കുന്ന പിന്തുണയാണ് തെരഞ്ഞെടുപ്പില്‍ വ്യക്താമാകുന്നതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.