കത്രജ്: മഹാരാഷ്ട്രയിൽ സിറ്റിംഗ് കോർപ്പറേഷൻ അംഗമായ അഭിജിത് കാദം ബി.ജെ.പിയിൽ ചേർന്നു. പൂനെയിലെ കത്രജ് ധൻകവാഡി മേഖലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടയാളാണ് അഭിജിത് കാദം. ഇതോടെ മറ്റു പാർട്ടികളിൽ നിന്നും ആറാമത്തെ കോർപ്പറേഷൻ അംഗമാണ് ബി.ജെ.പിയിൽ ചേരുന്നത്. 2017ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഭാരതീയ ജനതാപാർട്ടിയുടെ നിയമസഭാംഗം യോഗേഷ് തിലേകർ, ബി.ജെ.പി നേതാവ് ഗണേഷ് ബിഡ്കാർ എന്നിവരോടൊപ്പമാണ് അഭിജിത് കാദം മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കണ്ടത്.
നേരത്തേ എം.എൻ.എസ്, എൻ.സി.പി, കോൺഗ്രസ് പാർട്ടികളിൽ നിന്നും അഞ്ചു പേരാണ് ബി.ജെ.പിയിൽ ചേർന്നത്. സമീപകാലത്തു തന്നെ മറ്റു പാർട്ടികളുടെ കോർപ്പറേഷൻ അംഗങ്ങൾ ഇനിയും ബി.ജെ.പിയിൽ ചേരുമെന്ന് രാഷ്ട്രീയവൃത്തങ്ങളിൽ സൂചനയുണ്ട്. അതേസമയം മറ്റു പാർട്ടികളിൽ നിന്നും കരുതലോടെയാണ് അംഗങ്ങളെ ബി.ജെ.പിയിൽ ഉൾപ്പെടുത്തുന്നതെന്നും, സുതാര്യതയുറപ്പാക്കാനാണിതെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.