ബെംഗലൂരു: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂമി കുലുക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ബിജെപി. താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂമികുലുക്കം ഉണ്ടാകുമെന്നും പ്രധാനമന്ത്രിക്കെതിരേ തന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും രാഹുല്‍ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു. രാഹുലിന്റെ വാക്കുകളെ പരിഹസിച്ചാണ് ബിജെപി നേതാവ് എസ് പ്രകാശിന്റെ വാക്കുകള്‍.
പൊളളയായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അത് തെളിയിക്കുകയെന്നാല് അല്പം ബുദ്ധിമുട്ടാണെന്നും എസ്. പ്രകാശ് പറഞ്ഞു. രാഹുലിനെപ്പോലുളള ഒരാള്‍ പ്രധാനമന്ത്രിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വാക്കുകള്‍ അളന്നുതൂക്കി പരിശോധിച്ചിട്ട് വേണം പ്രയോഗിക്കാനെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ ഉണ്ടെന്ന് അവകാശവാദമുന്നയിച്ചിട്ട് മിണ്ടാതിരിക്കുന്നതിലൂടെ രാഹുലിന്റെ വില പൂര്‍ണമായി ഇല്ലാതായെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ആണ് അത് ബാധിച്ചതെന്നും എസ്. പ്രകാശ് പറഞ്ഞു. ഇന്നലെ കര്‍ണാടകയിലെ ബെല്‍ഗാമില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിക്കെതിരേ പതിവ് ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ മറ്റ് വെളിപ്പെടുത്തലുകള്‍ ഒന്നും രാഹുല്‍ നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാവ് കൂടിയായ എസ്. പ്രകാശ് രാഹുലിനെതിരേ തുറന്നടിച്ച് രംഗത്തെത്തിയത്.
സ്വയം ഉണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് രാഹുല്‍ ആലോചിക്കുന്നത് നല്ലതാണെന്നും എസ്. പ്രകാശ് കൂട്ടിച്ചേര്‍ത്തു.