ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ നിക്ഷേപങ്ങള്‍ക്ക് നികുതി ഒഴിവാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. കറന്‍സി പിന്‍വലിക്കലിന് ശേഷം രാഷ്ട്രീയപാര്‍ട്ടികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ആദായനികുതി ഒഴിവാക്കിയെന്ന വാര്‍ത്തയാണ് ധനമന്ത്രാലയവും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും നിഷേധിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനവും സംഭാവനകളും 1961 ലെ ആദായനികുതി നിയമത്തിലെ 13 എ സെക്ഷന്റെ പരിധിയില്‍ വരുന്നതാണെന്നും ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഈ സെക്ഷന്‍ അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ട് വിവരങ്ങളും വരുമാനവും ചെലവും അടങ്ങുന്ന ബാലന്‍സ് ഷീറ്റും വിശദാംശങ്ങളും സമര്‍പ്പിക്കേണ്ടതുണ്ട്.
500 ന്റെയും 1000 ത്തിന്റെ കറന്‍സികള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് ചില മാദ്ധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെയുളളവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
സര്‍ക്കാര്‍ പിന്‍വലിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ സംഭാവനയായി സ്വീകരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനുമതി നല്‍കിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. അത്തരത്തില്‍ സംഭാവനകള്‍ സ്വീകരിച്ചാല്‍ അത് നിയമലംഘനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് ഏതൊരാളെയും പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈവശമിരിക്കുന്ന പഴയ നോട്ടുകള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാം. പക്ഷെ അതിന്റെ സ്രോതസ് വ്യക്തമാക്കണമെന്നും രേഖകള്‍ കാണിക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞു.