മുംബൈ: കറന്‍സി പിന്‍വലിക്കലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കണമെന്ന് ബോളിവുഡ് നടന് ആമിര്‍ ഖാന്. നല്ല നീക്കമാണ് പ്രധാനമന്ത്രി നടത്തിയത്. കളളപ്പണം തടയാന്‍ ഇത് വളരെയേറെ സഹായിക്കുമെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും ആമിര്‍ ഖാന് വ്യക്തമാക്കി. മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ആമിര്‍ നിലപാട് വ്യക്തമാക്കിയത്.
താന്‍ ഒരു സാമ്പത്തിക വിദഗ്ധനല്ല. എന്നാല്‍ ആരെങ്കിലും നല്ലത് ചെയ്താല്‍ അവരെ പിന്തുണയ്ക്കാന്‍ നമുക്ക് കഴിയണമെന്ന് ആമിര്‍ പറഞ്ഞു. തന്റെ കൈവശം കളളപ്പണമില്ലാത്തതിനാല് സര്‍ക്കാര്‍ നീക്കം കൊണ്ട് തനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. താന്‍ നികുതിയടയ്ക്കുന്നുണ്ട്. കളളപ്പണം കൈയ്യില്‍ വെച്ചിരിക്കുന്നവരാണ് കുഴപ്പത്തിലാകുകയെന്നും താരം പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നീക്കം കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് കുറച്ച് വിഷമം നേരിടുന്നുണ്ട്. അതില്‍ തനിക്ക് ദുഖമുണ്ടെന്നും ആമിര്‍ ഖാന് കൂട്ടിച്ചേര്‍ത്തു. അഴിമതി ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. താന്‍ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കാറുണ്ടെന്നും ആമിര്‍ ഖാന് പറഞ്ഞു.