ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രതിനിധി സംഘവുമൊത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനായിരുന്നു കൂടിക്കാഴ്ചയെന്ന് രാഹുല്‍ പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പഞ്ചാബിലടക്കം രാജ്യത്തെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്നും കാര്‍ഷിക വായ്പകളില്‍ ഇളവ് അനുവദിക്കണമെന്നും രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് അറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി വായ്പാ ഇളവിനെക്കുറിച്ച് ഉറപ്പ് നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വ്വം കേട്ടതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ ഇടപെടലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് അധ്യക്ഷന്മാരും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.