കൊച്ചി: യുട്യൂബിൽ വൈറലായി ‘എസ്ര’യുടെ ട്രെയ് ലർ. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിന്റെ ട്രെയ് ലർ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തന്നെ ഇടം നേടിയിരിക്കുന്നു. ഭയാനകത കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ട്രെയ് ലർ ഇതിനോടകം നാലരലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇന്നലെയാണ് ട്രെയ് ലർ റിലീസ് ചെയ്തത്.
ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന് പുറമെ പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം സുജിത് വാസുദേവനും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്.
ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ‘എസ്ര’ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. സുഷിൻ ശ്യാമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.