മലപ്പുറം: വനം വകുപ്പ് ഓഫീസുകള്‍ക്കു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണങ്ങള്‍ ആസൂത്രിതമെന്ന് കണ്ടെത്തല്‍. ഏറ്റുമുട്ടല്‍ നടന്ന നിലമ്പൂര്‍ വനമേഖലയില്‍ നിന്നും കണ്ടെത്തിയ പുസ്തകങ്ങളിലും പെന്‍ഡ്രൈവിലുമാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. പരിശോധന നടത്തിയ ശേഷമായിരുന്നു ഇവിടങ്ങളില്‍ ആക്രമണം നടത്തിയതെന്നായിരുന്നു വിവരം.
പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ആനവായ് ഗ്രാമത്തിലെ വനം ഷെഡുകള്‍, മലപ്പുറം പൂക്കോട്ടുപാടം ഔട്ട് പോസ്റ്റുകള്‍ തുടങ്ങിയവ ആക്രമിക്കുന്നതിനു പദ്ധതി തയ്യാറാക്കിയ രേഖകളാണ് പോലീസിനു ലഭിച്ചത്. ആക്രമണം നടത്താന്‍ പദ്ധതിയിട്ട വനംവകുപ്പ് ഓഫീസ് പരിസരവും മറ്റും കൃത്യമായി പരിശോധിച്ച് നിരന്തരമായി നിരീക്ഷിച്ച ശേഷമായിരുന്നു ആക്രമണം.
ഇതിനായി പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിരുന്നതായും സൂചനയുണ്ട്. കരുളായി വനത്തിലെ മാവോയിസ്റ്റുകളുടെ താവളത്തില്‍ നിന്നും ലഭിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം. വനപാലകരുടെ അംഗബലം, ആക്രമണം നടന്നാല്‍ പോലീസ് എത്തിച്ചേരാന്‍ സാധ്യതയുള്ള വഴി, തിരിച്ചടിക്കാന്‍ പറ്റുന്ന സ്ഥലം തുടങ്ങിയവയെല്ലാം സ്ഥിരീകരിച്ച ശേഷമായിരുന്നു ആക്രമണം.
എന്നാല്‍ ഇവയെ ഇതിനായി ചില വനവാസികള്‍ സഹായിച്ചിരുന്നതായും പോലീസിനു വിവരമുണ്ട്. ഓരോ ആക്രമണ സ്ഥലത്തും ആരൊക്കെ വേണമെന്നും എത്ര അംഗങ്ങള്‍ വേണമെന്നുമെല്ലാം കൃത്യമായി നിശ്ചയിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയത്. പൂക്കോട്ടുപാടം കോളനിയില്‍ എട്ട് മാവോയിസ്റ്റുകള്‍ അടങ്ങുന്ന സംഘമായിരുന്നു ആക്രമണത്തിനു പിന്നില്‍.
ആക്രമണത്തിനു നേതൃത്വം നല്‍കിയത് ആരൊക്കെയാണെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.