കൊച്ചി: മെട്രോ സ്റ്റേഷനുകളുടെ പരിപാലനച്ചുമതല കുടുംബശ്രീയ്ക്ക്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കുടുംബശ്രീ മിഷനും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വച്ചു. കെഎംആര്‍എല്‍ ഡയറക്ടര്‍ സിസ്റ്റംസ് പ്രവീണ്‍ ഗോയലും കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസും ധാരണാപത്രം കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശസ്വയഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.
സ്റ്റേഷനുകളിലെ ശുചീകരണം ഉള്‍പ്പെടെയുളള ജോലികളാകും കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ 300 ഓളം സ്ത്രീകള്‍ക്ക് ഇതുവഴി തൊഴിലവസരം ഉണ്ടാകും. മെട്രോയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമ്പോള്‍ 1800 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി പ്രതിഫലം പൂര്‍ണമായും തൊഴിലാളികളില്‍ എത്തിക്കാന്‍ സാധിക്കുന്നതാണ് തീരുമാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ ശമ്പളം സംബന്ധിച്ച് 20 ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എലിയാസ് ജോര്‍ജ്, ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ. ശ്രീധരന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കെഎംആര്‍എല്‍ ഓഫിസില്‍ നടന്ന യോഗം വാട്ടര്‍ മെട്രോ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയും അവലോകനം ചെയ്തു.