കണ്ണൂര്‍: ഫസല്‍ വധക്കേസിലെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന് വക്കീല്‍ നോട്ടീസ്. മോഹനന് വധക്കേസില്‍ പ്രതിയാക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷാണ് ചാനലിനെതിരെ നോട്ടീസയച്ചത്. ഫസല്‍ വധക്കേസില്‍ മൊഴി മാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ജയിലിലെത്തി സുബീഷിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പി. ജയരാജന്റെ സമ്മര്‍ദ്ദപ്രകാരമാണ് കുറ്റമേറ്റതെന്ന് പറയാന്‍ ആവശ്യപ്പെട്ടതായും അന്വേഷണ സംഘത്തിന് മുന്‍പാകെ സിബീഷ് വെളിപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി സുബീഷ് നോട്ടീസ് അയച്ചത്.
പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് അംഗം തമിഴ്നാട് തിരുനെല്‍വേലി സ്വദേശി എസ്. കാജാ മൊയ്തീന്, എടക്കാട് ഷുഹൈല്‍ ടി.കെ, തലശേരി ഇര്‍ഷാദ് തുടങ്ങിയവര്‍ ജയിലിലെത്തി സുബീഷിനെ സന്ദര്‍ശിച്ചുവെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ ജയിലില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെയോ എന്‍ഡിഎഫിന്റെയോ നേതാക്കളെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് സുബീഷ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
ഫസല്‍ വധവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ടവര്‍ക്ക് അയച്ച പരാതികളില്‍ താന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുളളതാണെന്ന് സുബീഷ് വ്യക്തമാക്കുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ വാര്ത്താസംപ്രേഷണവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ സ്ഥാപനം ലംഘിക്കുകയാണ്. ഫസല്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും നോട്ടീസില്‍ സുബീഷ് ആരോപിക്കുന്നു.
സുബീഷിനെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കാണുന്ന ദൃശ്യങ്ങള്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫസല്‍ വധക്കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ കേന്ദ്ര ഭരണം ഉപയോഗിച്ച് യുഎപിഎ ചുമത്തുമെന്ന് ഭീഷണിയുളളതിനാലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സിബീഷിനെ കാണാനെത്തിയതെന്നും ഇക്കാര്യം സുബീഷ് പൊലീസിനോട് പറഞ്ഞതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
സിപിഎം പ്രാദേശിക നേതാക്കളായ കാരായിമാരെ ഉള്‍പ്പെടെ എട്ട് സി.പി.എമ്മുകാരെ പ്രതിചേര്‍ത്ത് ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അട്ടിമറിക്കാന്‍ പാര്‍ട്ടി നേതൃത്വവും ഉന്നത പൊലീസ് നേതൃത്വവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി സുബീഷിനെ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന തരത്തില്‍ കുറ്റസമ്മതമൊഴി നിര്‍ബന്ധപൂര്‍വ്വം രേഖപ്പെടുത്തുകയുമായിരുന്നു. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെ സുബീഷ് പരാതി നല്‍കിയിട്ടുണ്ട്.